ദിലീപുമായോ ആരോപണവുമായോ ബിഷപ്പിന് ബന്ധമില്ലെന്നു നെയ്യാറ്റിൻകര രൂപത
Monday, January 24, 2022 2:21 AM IST
തിരുവനന്തപുരം: നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടൻ ആരോപണം ഉന്നയിച്ചെന്നു പറയുന്ന വ്യക്തിയുമായി നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ലെന്നു നെയ്യാറ്റിൻകര രൂപതാ വക്താവ് വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് അറിയിച്ചു.
നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചതു സംബന്ധിച്ചു നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവലിന്റെ പേര് പരാമർശിച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ മതപരമായ പ്രവർത്തനം നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നത്.
ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താൻ ഉദ്ദേശിച്ചുള്ളതും വാസ്തവവിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴയ്ക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.