ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
Friday, January 28, 2022 1:27 AM IST
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വിലക്കിയുള്ള ഉത്തരവും ഫെബ്രുവരി രണ്ടുവരെ നീട്ടി.
പ്രതികളില്‍നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനും വിശകലനം ചെയ്യാനും കൂടുതല്‍ സമയം വേണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി ആവശ്യപ്പെട്ടതിനെ ത്തുടർന്നാണ് ജസ്റ്റീസ് പി. ഗോപിനാഥ് ഹര്‍ജികള്‍ മാറ്റിയത്. അന്വേഷണവിവരങ്ങള്‍ ബുധനാഴ്ചയ്ക്കകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി.
ദിലീപിനു പുറമെ മറ്റു പ്രതികളായ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. ഇവരില്‍ ശരത്തിനെ ഇതുവരെ പ്രതിചേര്ത്തിട്ടില്ലെന്നു വ്യക്തമാക്കിയ പ്രോസിക്യൂഷന്, മറ്റു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു വാദിച്ചു.
കഴിഞ്ഞ ശനിയാഴ്ച സ്പെഷല്‍ സിറ്റിംഗ് നടത്തി വാദം കേട്ട സിംഗിള്‍ ബെഞ്ച് ദിലീപ് ഉള്‍പ്പെടെയുള്ള ആദ്യ അഞ്ചു പ്രതികളെ മൂന്നു ദിവസം ചോദ്യം ചെയ്തശേഷം അന്വേഷണവിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാനും ഇതു പരിശോധിച്ച് തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നു. ഇതു പ്രകാരം 23, 24, 25 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെ ഇവരെ ചോദ്യംചെയ്തിരുന്നു.