ഇടതിന് വീണ്ടും ഡോക്ടര്‍ പരീക്ഷണം
Friday, May 6, 2022 1:36 AM IST
കൊച്ചി: തൃക്കാക്കര മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ഇക്കുറിയും കളത്തിലിറക്കുന്നത് ഡോക്ടറെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസിനെതിരേ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഡോ. ജെ. ജേക്കബായിരുന്നു സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പില്‍ പി.ടിയുടെ ഭാര്യയെ നേരിടുന്നത് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജോസഫ്.
റിട്ട. കെഎസ്ഇബി ജീവനക്കാരായ കളപ്പുരയ്ക്കല്‍ കെ.വി. ജോസഫ്-എം.ടി. ഏലിക്കുട്ടി ദന്പതികളുടെ മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശേരിയിൽ ജനനം. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍നിന്ന് പ്രീഡിഗ്രിയും കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസും ഒഡീഷയിലെ എസ്സിബി മെഡിക്കല്‍ കോളജില്‍നിന്ന് ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദവും നേടി. ഡല്‍ഹി എയിംസില്‍നിന്നു കാര്‍ഡിയോളജിയില്‍ ഡിഎം കരസ്ഥമാക്കി. 2012 മുതല്‍ എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധനായി പ്രവര്‍ത്തിക്കുന്നു.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി. മാറ്റിവച്ച ഹൃദയങ്ങളിലെ ബയോപ്സി പരിശോധനയില്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം അനുഭവപരിചയമുള്ള ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ജോ സാമൂഹിക, സാംസ്കാരിക മേഖലകളിലും സജീവമാണ്. പ്രോഗ്രസീവ് ഡോക്ടോഴ്സ് ഫോറത്തിന് എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി വരുന്നു.
ഹൃദ്രോഗ ശാസ്ത്രത്തില്‍ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയപൂര്‍വം ഡോക്ടര്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. നവമാധ്യമങ്ങളിലും സജീവം. ഭാര്യ ഡോ. ദയ പാസ്കല്‍ തൃശൂര്‍ ഗവ. മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ്. മക്കള്‍: ജവാന് ലിസ് ജോ (പത്താം ക്ലാസ് വിദ്യാർഥിനി, കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍), ജിയന്ന (ആറാം ക്ലാസ് വിദ്യാർഥിനി).