ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു
Saturday, May 14, 2022 1:18 AM IST
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന് എംപിയെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടു.
കേസ് അന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം സ്പെഷല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പ്രാഥമിക ചോദ്യം ചെയ്യലാണ് ഇന്നലെ നടന്നതെന്നും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് വിവരം.
ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വന്തം കാറിലാണ് ഹൈബി ചോദ്യം ചെയ്യലിനെത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കിയപ്പോള് ഉപതെരഞ്ഞെടുപ്പായതിനാല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകാന്‍ സിബിഐ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്.
ആറു മാസം നീണ്ട പരിശോധനയ്ക്കുശേഷമാണ് ഹൈബി ഈഡന് അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കുമെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
2013 ല്‍ എംഎല്‍എ ആയിരിക്കവേ ഹൈബി ഈഡന് നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന പരാതിയില്‍ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.