ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് ക്ലിഫ് ഹൗസിൽ ഒരുക്കാൻ നിർദേശം ; കടിഞ്ഞാൺ മുഖ്യമന്ത്രിക്ക്
സ്വന്തം ലേഖകൻ
Sunday, May 15, 2022 1:27 AM IST
തിരുവനന്തപുരം: ഭരണത്തിന്റെയും ഫയലുകളുടെയും പൂർണ കടിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപ്പിടിയിലൊതുക്കാൻ ഗുജറാത്ത് മാതൃകയിലുള്ള സിഎം ഡാഷ് ബോർഡ് കേരളത്തിലും ഒരുക്കാൻ നിർദേശം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡാഷ്ബോർഡ് സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങി. ഡാഷ്ബോർഡിനെക്കുറിച്ചു ഗുജറാത്തിലെത്തി പഠിച്ച ചീഫ് സെക്രട്ടറി വി.പി. ജോയ്, കേരളത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് നൽകി.
തൃക്കാക്കര ഉപതരെഞ്ഞെടുപ്പിനു ശേഷം ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ചെയ്യാമെന്ന് അറിയിച്ച മുഖ്യമന്ത്രി, ഇതേക്കുറിച്ചു വിശദമായി പഠിക്കാൻ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.എം. ഏബ്രാഹാമിനു കൈമാറി.
ഗുജറാത്ത് മോഡലിലെ നല്ല വശങ്ങൾ കൂടി ഉൾക്കൊണ്ടാകും ഇ-ഗവേണൻസ് സംവിധാനം സംസ്ഥാനത്തു നടപ്പാക്കുക. സംവിധാനം ക്ലിഫ്ഹൗസിൽ സ്ഥാപിക്കാൻ ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയെ ഏൽപിക്കുന്നത് ആലോചനയിലുണ്ട്.
മുഖ്യമന്ത്രിയുടെ വിരൽതുന്പിൽ എല്ലാ വകുപ്പുകളിലേയും ഫയൽ നീക്കത്തിന്റെ വിവരങ്ങൾ ലഭിക്കും വിധം ഡാഷ് ബോർഡ് സംവിധാനം സജ്ജമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ഒഴിവാക്കി, ക്ലിഫ് ഹൗസിൽ സ്ഥാപിക്കുന്നത് ആലോചിക്കുന്നത്. 578 സർക്കാർ സേവനങ്ങളാണുള്ളത്. ഇതിൽ 278 സേവനങ്ങൾക്കു നിലവിൽ സംസ്ഥാനത്തു ഡാഷ് ബോർഡ് സംവിധാനം നിലവിലുണ്ടെങ്കിലും ഇതു പരാജയമാണെന്നാണു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മോഡലിനെക്കുറിച്ചു ചീഫ് സെക്രട്ടറിയെ അയച്ചു പഠിച്ചത്. ഗുജറാത്ത് മോഡൽ സിഎം ഡാഷ് മോഡൽ വൻ വിജയമാണെന്നു ചീഫ് സെക്രട്ടറി അന്നു പറഞ്ഞിരുന്നു.
പുതിയ സംവിധാനം വരുന്നതോടെ സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റുകളിലുമുള്ള എല്ലാ ഫയലുകളും ഒരൊറ്റ ഡാഷ് ബോർഡിന് കീഴിൽ നിരീക്ഷിക്കാൻ കഴിയും. അതിനിടെ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങളും കണക്കും അടിയന്തരമായി ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കോവിഡിന് ശേഷം ഓഫീസ് പ്രവർത്തനം സാധാരണ നിലയിലായെങ്കിലും തീർപ്പാകാത്ത ഫയലുകൾ കുമിഞ്ഞുകൂടുകയാണ്. മാസം ശരാശരി 20,000 ഫയലുകളെങ്കിലും സെക്രട്ടേറിയറ്റിൽ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്.