മാങ്ങാനത്തെ നസ്രത്തിലും ആഹ്ളാദവും പ്രാർഥനയും
Monday, May 16, 2022 2:01 AM IST
കോട്ടയം: ബ്രദർ ചാൾസ് ദെ ഫുക്കോയെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ അൾത്താര വണക്കത്തിനായി പ്രഖ്യാപിച്ചതിന്റെ ആഹ്ളാദ നിറവിലാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസസഭ. ബ്രദർ ചാൾസ് ദെ ഫുക്കോയുടെ ചൈതന്യം ഉൾക്കൊണ്ടു കേരളത്തിൽ പ്രവർത്തിക്കുന്ന സന്യാസസഭയാണ് ക്രിസ്തുവിന്റെ കൊച്ചു സഹോദരിമാർ എന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ്.
വിശുദ്ധ പദവി പ്രഖ്യാപന സമയത്ത് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് സന്യാസസഭയുടെ ജനറലേറ്റായ മാങ്ങാനത്തെ നസ്രത്ത് ജ്ഞാനാശ്രമത്തിലെ ചാപ്പലിൽ വിശുദ്ധ ചാൾസ് ദെ ഫുക്കോയുടെ രൂപത്തിനു മുന്പിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും മധുര പലഹാര വിതരണവുമുണ്ടായിരുന്നു. വിശുദ്ധ പ്രഖ്യാപന ആഘോഷത്തിന്റെ ഭാഗമായി 31ന് കോട്ടയം പൂമറ്റം സെന്റ് ആന്റണീസ് പള്ളിയിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയും പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടക്കും.
വിശുദ്ധ ചാൾസ് ദെ ഫുക്കോയേക്കുറിച്ചുള്ള ഡോക്യുമെന്ററിയും പുസ്തകവും പ്രകാശനം ചെയ്യും.
1975 ഓഗസ്റ്റ് 15ന് പള്ളാത്തുരുത്തിയിൽ സിസ്റ്റർ നിർമലയാണ് സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്യാസ സഭയുടെ ആസ്ഥാനം കോട്ടയം മാങ്ങാനമാണ്. മാങ്ങാനത്തിനു പുറമേ പാലാ വേഴാങ്ങാനം, ആലപ്പുഴ പള്ളാത്തുരുത്തി, കൈതവന എന്നിവിടങ്ങളിലും മഠങ്ങളുണ്ട്. ജർമനി ഉൾപ്പെടെ വിദേശരാജ്യങ്ങളിലും മഠങ്ങളുണ്ട്.