മിക്സഡ് സ്കൂളുകൾ അനിവാര്യം: ബാലാവകാശ കമ്മീഷൻ
Saturday, May 21, 2022 12:58 AM IST
തിരുവനന്തപുരം: സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കുന്നതിന് ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് സ്കൂളുകളായി മാറേണ്ടത് അനിവാര്യമാണെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു.
2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സംസ്ഥാനതല നിർവഹണ ഉദ്യോഗസ്ഥരുടെ കൂടിയാലോചനാ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തന ചുമതലകൾ യോഗം ചർച്ച ചെയ്തു.
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ഇടപെടലുകൾ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകും. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ഇൻസുലിൻ എടുക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.