ബൈക്കുകളുടെ മത്സരയോട്ടത്തിൽ രണ്ടു ജീവൻ പൊലിഞ്ഞു
Monday, June 20, 2022 1:32 AM IST
വിഴിഞ്ഞം: കോവളം ബൈപാസിൽ മത്സര ഓട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം ഫാത്തിമ മൻസിലിൽ സൂര്യ നഗറിൽ എച്ച്. മുഹമ്മദ് ഫിറോസ്(22), ചൊവ്വര വണ്ടാഴനിന്ന വീട്ടിൽ എസ്. ശരത്(20) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. അഞ്ചു ബൈക്കുകളിലായെത്തിയ സംഘം ഇരുവശത്തുനിന്നുമായി മത്സര ഓട്ടം നടത്തവെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകളുടെ മുൻവശം ഒടിഞ്ഞ് തൂങ്ങി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്കു മാറ്റി.
അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ് ബൈപാസിൽ മത്സരയോട്ടം നടത്തിയ എട്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇതിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മത്സര ഓട്ടത്തിനായെത്തിയ സംഘമാണ് അപകടത്തിൽ പെട്ടതെന്നു വിഴിഞ്ഞം പോലീസ് പറഞ്ഞു.