മതസൗഹാര്‍ദത്തിനു മന്ത്രാലയം വേണം: മുസ്ലിം ലീഗ് സൗഹൃദസദസ്
Friday, June 24, 2022 12:50 AM IST
കോഴിക്കോട്: രാജ്യത്ത് മതേതരത്വം നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും ദേശീയതലത്തില്‍ മന്ത്രാലയം വേണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച വിവിധ മതനേതാക്കളുടെയും സാംസ്കാരിക നായകരുടെയും പൗരപ്രമുഖരുടെയും സൗഹൃദസദസ് നിര്‍ദേശിച്ചു.
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ ജില്ലാസംഗമങ്ങളുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു സഹൃദ സദസ്.
പല വിദേശ രാജ്യങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനു പ്രത്യേക വകുപ്പുകളുണ്ടെന്ന് സൗഹൃദസദസ് അഭിപ്രായപ്പെട്ടു. മിനിസ്ട്രി ഓഫ് ടോളറന്‍സ്, മിനിസ്ട്രി ഓഫ് ഹാപ്പിനസ് എന്നിങ്ങനെ വിവിധ പേരുകളിലായി യുഎഇയിലും സൗദിയിലുമെല്ലാം മന്ത്രാലയങ്ങളുണ്ട്.
അതേരീതിയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും മന്ത്രാലയം േവണമെന്ന നിര്‍ദേശമാണു സൗഹൃദസദസ് മുന്നോട്ടുവച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിഎംഎല്എയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.