പത്തുവയസുകാരിയെ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച പ്രതിക്കു കഠിനതടവും പിഴയും
Friday, June 24, 2022 12:50 AM IST
തൃശൂർ: നാട്ടികയിൽ പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാനും അതിനു സാധിക്കാതെ വന്നപ്പോൾ കൊലപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതിക്കു വിവിധ വകുപ്പുകളിലായി 15 വർഷം ഒന്പതു മാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിൽ എന്ന ചെപ്പുവിനെ (31) യാണു തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.
2010ലാണ് കേസിനാസ്പദമായ സംഭവം. കേബിൾ വരിസംഖ്യ പിരിക്കാനെന്ന പേരിൽ വീട്ടിലെത്തിയ പ്രതി നാലാംക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിലൊറ്റക്കാണെന്നു മനസിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എതിർത്തു രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ തോർത്തുപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചും വയറ്റിൽ കുത്തിയും കൊലപ്പെടുത്താനും പ്രതി ശ്രമിച്ചു. അബോധാവസ്ഥയിൽ രക്തം വാർന്നു കിടന്ന കുട്ടിയെ കളിക്കാൻ വിളിക്കാനെത്തിയ കൂട്ടുകാരാണ് കണ്ടത്. വലപ്പാട് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്.