കെ.എന്‍.എ. ഖാദറിനു ബിജെപി പിന്തുണ
Friday, June 24, 2022 12:50 AM IST
കോഴിക്കോട്: കെഎന്‍എ ഖാദര്‍ വിഷയം ഏറ്റുപിടിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടി. ആര്‍എസ്എസ് വേദി പങ്കിട്ട കെ.എന്‍.എ. ഖാദറിനെതിരേ ലീഗ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണു ലീഗിലെ തീവ്രനിലപാടുകാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.
ന്യൂനപക്ഷ നേതാക്കളെ പാര്‍ട്ടിയിലേക്കു കൂടുതലായി അടുപ്പിക്കുക എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യവും അബ്ദുള്ളക്കുട്ടിയുടെ ഖാദര്‍ പിന്തുണയ്ക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെ.എന്‍.എ. ഖാദര്‍. ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കുന്ന ആളാണ്. വേദങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച ആളാണ്. അദ്ദേഹത്തോടു കളിക്കാന്‍ നില്‍ക്കണ്ട എന്നാണ് ലീഗുകാരോടു പറയാനുള്ളതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് കെഎന്‍എ ഖാദര്‍. അദ്ദേഹത്തെ പുറത്താക്കാനുള്ള ധൈര്യം മുസ്ലിം ലീഗിനില്ല. അങ്ങനെ സംഭവിച്ചാല്‍ തന്നെ അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ഒരു സംഘം തീവ്ര ഗ്രൂപ്പുകള്‍ക്ക് ലീഗിലെ ചിലര്‍ അടിമപ്പെട്ടുവെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ഖാദറിനെ പിന്തുണച്ച് ആര്‍എസ്എസ് നേതൃത്വവും രംഗത്തുവന്നിരുന്നു. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഖാദറിനുണ്ടാകില്ലെന്നായിരുന്നു ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ.എന്‍.ആര് മധുവിന്റെ പ്രതികരണം. നേതൃത്വവുമായി നേരത്തെ തന്നെ പലകാര്യങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന ഖാദര്‍ നിലവില്‍ മുസ്ലിംലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്.
മറുപടി കിട്ടിയശേഷം നടപടി: സാദിഖലി തങ്ങള്‍
കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് മുന്‍എംഎല്‍എ കെ.എന്‍ .എ. ഖാദറിനോടു പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി കിട്ടിയശേഷം മറ്റു നടപടികളിലേക്കു കടക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കം സംബന്ധിച്ച് പാര്‍ട്ടിക്കു വ്യക്തമായ ധാരണയുണ്ട്. ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിച്ചതും അതിനുശേഷം അദ്ദേഹം പ്രതികരിച്ചതുമെല്ലാം ചേര്‍ത്താണു വിശദീകരണം ചോദിച്ചിട്ടുള്ളത്. മറുപടിയില്‍ എല്ലാം വ്യക്തമാക്കുമെന്നാണു കരുതുന്നത്- സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.