തീവ്രവാദിയായ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന സുരേഷ്
Tuesday, August 9, 2022 2:06 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണു സ്വപ്നയുടെ ആരോപണം. സംഭവത്തിന്റെ കൂടുതല്‍ തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
2017 ഓഗസ്റ്റ് നാലിനാണ് നിരോധിത ഫോണുമായി യുഎഇ പൗരനെ സിഐഎസ്എഫ് പിടികൂടുന്നത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾ യുഎഇ പൗരനായതുകൊണ്ട് കോണ്‍സുല്‍ ജനറലിനെ വിവരം അറിയിച്ചു. ഈജിപ്തില്‍ ജനിച്ച യുഎഇ പൗരനായിരുന്നു ഇയാള്‍. ജൂലൈ 30ന് അബുദാബിയില്‍നിന്ന് കോഴിക്കോട്ടെത്തി പിന്നീട് നാലിന് ഒമാന്‍ എയര്‍വേയ്സ് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.
ഇത്തരം കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം വീണ്ടും തന്നെ ബന്ധപ്പെട്ട ശിവശങ്കര്‍ കോണ്‍സല്‍ ഓഫീസില്‍നിന്ന് പ്രതിനിധിയെ നെടുമ്പാശേരി സ്റ്റേഷനിലേക്കു വിടാന്‍ പറയുകയും ഇതുപ്രകാരം പിആര്‍ഒയെ അയയ്ക്കുകയും ചെയ്തു.
പോലീസ് ഓഫീസര്‍ എഴുതിക്കൊടുത്ത സത്യവാങ്മൂലത്തിന്റെ മാതൃകയില്‍ കോണ്‍സുലേറ്റിന്റെ ലെറ്റര്‍പാഡില്‍ എഴുതി നല്കാന് ആവശ്യപ്പെട്ടു. ഇപ്രകാരം ലെറ്റര്‍പാഡില്‍ എഴുതി കോണ്‍സുല്‍ ജനറല്‍ ഒപ്പിട്ട സത്യവാങ്മൂലത്തിന്റെ കോപ്പി പിആര്‍ഒക്ക് വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്തു.
രണ്ടുദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ ആറിന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് വിട്ടയച്ചു. ഏഴിനു വിമാനത്തിൽ തിരിച്ചയയ്ക്കുകയും ചെയ്തു. തീവ്രവാദിയെ രക്ഷപ്പെടുത്താന്‍ യുഎഇ കോണ്‍സുലേറ്റിനെ സഹായിച്ചതെന്തിനെന്ന് മുഖ്യമന്ത്രി പറയണം.
നിരോധിത സാറ്റലൈറ്റ് ഫോണുമായി ഇയാള്‍ അഞ്ചു ദിവസം കേരളത്തില്‍ കഴിഞ്ഞ സംഭവത്തില്‍ തുടരന്വേഷണം നടത്തിയില്ലെന്നും മകള്‍ വീണയുടെ വ്യക്തിപരവും സാമ്പത്തികവുമായ നേട്ടത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി ഇതെല്ലാം ചെയ്തതെന്നും സ്വപ്ന ആരോപിച്ചു.