മത്സ്യബന്ധന യാനങ്ങളുമായി മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
Wednesday, August 10, 2022 1:13 AM IST
തിരുവനന്തപുരം: തീരദേശ ജനതയോടുള്ള അധികാരികളുടെ നിഷേധാത്മക സമീപനത്തിനെതിരേ ആയിരങ്ങൾ അണിനിരക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ വറുതിയിലാണെന്നും പഞ്ഞമാസ പദ്ധതിയുടെ വിഹിതം പോലും നല്കാൻ സർക്കാർ തയാറാവുന്നില്ലെന്നും സമരസമിതി ഭാരവാഹികൾ ചൂ ണ്ടിക്കാട്ടുന്നു.
സെക്രട്ടേറിയറ്റ് മാർച്ച് എമരിറ്റസ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ലത്തീൻ തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നേറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 11ന് മ്യൂസിയം ജംഗ്ഷനിൽനിന്നാരംഭിക്കുന്ന മാർച്ച് സെക്രട്ടേറിയറ്റ് പടിക്കലെത്തി അവസാനിക്കും. തുടർന്ന് സത്യഗ്രഹവും നടത്തും.
വിഴിഞ്ഞത്തും ചാവക്കാട്ടും മുതലപ്പൊഴിയിലുമായി അഞ്ചു മത്സ്യത്തൊഴിലാളികൾ മരണമടഞ്ഞത് അടുത്ത ദിവസങ്ങളിലാണ്. അദാനി പോർട്ടിന്റെ നിർമാണത്തിന്റെ ഫലമായി പനത്തുറ മുതൽ വേളി വരെ കടൽത്തീരം നഷ്ടപ്പെട്ട് 500ലേറെ വീടുകൾ ഇല്ലാതായി. 2018 മുതൽ മുന്നൂറോളം കുടുംബങ്ങൾ ഫുഡ്കോർപറേഷന്റെ ക്യാമ്പിലും സ്കൂൾ വരാന്തകളിലുമാണു കഴിയുന്നത്. ക്യാമ്പ് സന്ദർശിക്കാനോ മത്സ്യത്തൊഴിലാളികളുടെ ശോചനീയ സ്ഥിതി പരിഹരിക്കാനോ മന്ത്രിമാർക്കു കഴിഞ്ഞില്ല.
നീതിനിഷേധത്തിനെതിരേ നടക്കുന്ന മാർച്ചിൽ തീരദേശ ജനത അണിനിരക്കുമെന്നു സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര, കണ്‍വീനർമാരായ റവ.ഡോ. ലോറൻസ് കുലാസ്, നിക്സണ് ലോപ്പസ്, ഷേർളി ജോണി, പാട്രിക്ക് മൈക്കിൾ എന്നിവർ അറിയിച്ചു.