വയറിനുള്ളിൽ ശസ്ത്രക്രിയ ഉപകരണം; മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Thursday, August 11, 2022 12:51 AM IST
തൃശൂർ: മെഡിക്കൽ കോളജിൽ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടയിൽ ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് രോഗിയുടെ വയറിനുള്ളിൽ മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽനിന്നു നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരനു നൽകാം. ഇവരിൽനിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്കു തീരുമാനിക്കാമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ഓട്ടോറിക്ഷാ തൊഴിലാളിയായ തൃശൂർ കണിമംഗലം സ്വദേശി ജോസഫ് പോൾ നൽകിയ പരാതിയിലാണു നടപടി. 2020 മേയ് അഞ്ചിനാണു ജോസഫ് പോളിനു തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയത്.
പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.
ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അർഷാദ്, ഡോ. പി. ആർ. ബിജു, നഴ്സുമാരായ മുഹ്സിന, ജിസ്മി വർഗീസ് എന്നിവരും കുറ്റക്കാരാണെന്നു കമ്മീഷൻ കണ്ടെത്തി.