ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട്: സംസ്ഥാനതല ചർച്ച പിന്നീട്
Thursday, August 11, 2022 12:52 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ടിന്മേൽ വരുന്ന മൂന്നാഴ്ച സർവകലാശാലാ തലത്തിൽ ചർച്ചകൾ നടത്താനും തുടർന്ന് വീണ്ടും സംസ്ഥാന തലത്തിൽ ചർച്ച നടത്താനും തീരുമാനം.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാലറിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാരംഭ കൂടിയാലോചനകളിലാണ് ഈ തീരുമാനം.
വാണിജ്യ താത്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താത്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനികസമൂഹമാണ് സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു യോഗത്തിൽ പറഞ്ഞു.
കേരളത്തിന്റെ വികസനവഴികളിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ടുകളിന്മേലുള്ള പൊതുചർച്ചയും കൂടിയാലോചനയുമാണ് രണ്ടു ദിവസങ്ങളിലായി നടന്നത്. റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർവകലാശാലകളുടെ അഭിപ്രായങ്ങൾ പ്രതിനിധികൾ രേഖപ്പെടുത്തി.