ചെയ്ത കുറ്റമെന്താണെന്ന് ഇഡി വ്യക്തമാക്കിയാൽ ഹാജരാകാൻ എതിർപ്പില്ല: ഡോ. തോമസ് ഐസക്
Friday, August 12, 2022 1:23 AM IST
തിരുവനന്തപുരം: താൻ ചെയ്ത കുറ്റമെന്താണെന്നു വെളിപ്പെടുത്താതെ രണ്ടുവട്ടം സമൻസ് അയച്ച് വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി പൗരാവകാശ ലംഘനമാണെന്നു മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്.
ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടാം വട്ടവും സമൻസ് അയച്ച പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഐസക്ക്.
കുറ്റമെന്താണെന്നു വ്യക്തമാക്കാൻ കഴിയില്ലെങ്കിൽ സമൻസ് റദ്ദാക്കണം. കാരണമെന്താണെന്നു വ്യക്തമാക്കിയാൽ പോകുന്നതിന് യാതൊരു എതിർപ്പുമില്ല.
ഫെമ നിയമം താനോ കിഫ്ബിയോ ലംഘിച്ചിട്ടുണ്ടോ. അങ്ങനെയെങ്കിൽ റിസർബാങ്ക് ഓഫ് ഇന്ത്യ അല്ലേ അതു കണ്ടെത്തേണ്ടത്. ആ താൻ ചെയ്ത തെറ്റ് എന്താണെന്നു ഇഡി വ്യക്തമാക്കണം. അവർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഐസക്ക് കൂട്ടിച്ചേർത്തു.