ജനവാസമേഖലയ്ക്ക് കൃത്യമായ നിര്‍വചനം നല്‍കണമെന്ന് കെസിബിസി
Friday, August 12, 2022 1:24 AM IST
കൊച്ചി: ജനവാസമേഖലകളെ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കുമെന്ന കഴിഞ്ഞദിവസത്തെ സര്‍ക്കാര്‍ ഉത്തരവില്‍ ജനവാസമേഖല എന്നത് കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നും ഇതിൽ വ്യക്തത വേണമെന്നും കെസിബിസി.
ബഫര്‍ സോണ്‍ വിഷയത്തില്‍ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വനംവകുപ്പിനെ ചുമതലയേല്പിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്നു കെസിബിസിക്കും കേരളകര്‍ഷക അതിജീവന സംയുക്ത സമിതിക്കും വേണ്ടി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ (ചെയര്മാന്, ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് കെസിബിസി) പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഉത്തരവിൽ വ്യക്തതയില്ലാത്തത് പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കാനിടയാക്കും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
മൂന്നുമാസം സമയത്തില്‍ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കേ യാതൊരു തയാറെടുപ്പും നടന്നതായി അറിവില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനംമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെന്നും മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു.