കെ.ടി. ജലീലിന്റെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച മൂന്നു പേർ അറസ്റ്റിൽ
Wednesday, August 17, 2022 1:11 AM IST
മലപ്പുറം: കാഷ്മീർ വിഷയത്തിൽ രാജ്യദ്രോഹ പരാമർശം നടത്തിയതായി ആരോപിച്ച് കെ.ടി. ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിലേക്കു യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിനിടെ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ മൂന്നു പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
യുവമോർച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിലിന്റെ നേതൃത്വത്തിലാണ് എടപ്പാൾ- തൃശൂർ റോഡിലുള്ള ഓഫീസിലേക്ക് കരി ഓയിൽ പ്രയോഗം നടത്തിയത്.
കേസിൽ ജില്ലാപ്രസിഡന്റും പുഴക്കാട്ടിരി സ്വദേശിയുമായ സജേഷ് (31), മാങ്ങാട്ടിരി സ്വദേശി സുബിത്ത് (27), മൂതൂർ സ്വദേശി കോതകുളങ്ങര സുധൻ (30) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ സംഭവത്തിൽ പങ്കുചേർന്നതായി കരുതുന്നവരെക്കുറിച്ചും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.