ശബരിപാതയ്ക്കു പച്ചക്കൊടി; പ്രതീക്ഷകൾ ഉയരുന്നു
Thursday, August 18, 2022 12:27 AM IST
തൊടുപുഴ: രണ്ടു പതിറ്റാണ്ടായി അനിശ്ചിതാവസ്ഥയിലായിരുന്ന അങ്കമാലി- ശബരിപാത പദ്ധതിക്കു കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ വീണ്ടും ജീവൻ വയ്ക്കുന്നു. നിർമാണ ചെലവ് പങ്കുവയ്ക്കാമെന്നു നേരത്തേ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതേത്തുടർന്നു പദ്ധതിയുമായി മുന്നോട്ടുപോകാനും വിശദമായ പ്രോജക്ട്റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിക്കുകയായിരുന്നു.
പുതുക്കിയ 3,421 കോടിയുടെ എസ്റ്റിമേറ്റാണ് കെ-റെയിൽ തയാറാക്കി കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ചത്. ഇതോടൊപ്പം വിശദമായ പദ്ധതി രേഖയും സമർപ്പിച്ചിരുന്നു. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ പാതയിൽ കാലടി വരെയുള്ള ഏഴു കിലോമീറ്റർ നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു. ശേഷിക്കുന്ന 104 കിലോമീറ്ററിനായി 274 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്.
ഭൂമിക്ക് 900 കോടി
ഭൂമിയേറ്റെടുക്കലിനു മാത്രം 900 കോടി ആവശ്യമായിവരും. ആദ്യഘട്ടത്തിൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര റെയിൽ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പള്ളി മുതൽ എരുമേലി വരെയുളള 41 കിലോമീറ്റർ ഭാഗത്തെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയുടെ (ലൈറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിംഗ്) റിപ്പോർട്ടും തയാറാക്കിയിരുന്നു.
ഇതുകൂടി ഉൾപ്പെടുത്തി വിശദമായ പുതുക്കിയ പ്രോജക്ട് റിപ്പോർട്ടാണ് കെ-റെയിൽ കേന്ദ്ര റെയിൽവേ ബോർഡിനു സമർപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐസി ടെക്നോളജീസാണ് ലിഡാർ സർവേ നടത്തിയത്.
പ്രഗതി പ്ലാറ്റ്ഫോമിൽ
ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ള കേരളത്തിൽനിന്നുള്ള എംപിമാർ ശബരിപാത പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നു ലോക്സഭയിൽ ശക്തമായി ഉന്നയിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടു മുന്പ് പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണ ചെലവ് വഹിക്കുന്നതു സംബന്ധിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുണ്ടായിരുന്ന തർക്കമാണ് പദ്ധതി അനിശ്ചിതമായി നീണ്ടുപോകാൻ കാരണമായത്. ഒടുവിൽ പദ്ധതിയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്നു സമ്മതിക്കുകയും കിഫ്ബിയിൽ 2,000 കോടി ഇതിനായി നേരത്തെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ്ഫോമിൽ ശബരിപാത ഇടംപിടിക്കുകയായിരുന്നു.