വിഴിഞ്ഞം പദ്ധതിക്കായി ക്വാറി പ്രവർത്തനം: ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി
Thursday, August 18, 2022 1:17 AM IST
കൊച്ചി: വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള ക്വാറിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കണമെന്ന് ഹൈക്കോടതി. ക്വാറി പ്രവര്‍ത്തിപ്പിക്കാൻ ജനങ്ങള്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്കിയ പോലീസ് സംരക്ഷണ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പദ്ധതിക്കാവശ്യമായ ഖനനം നടത്തുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ എതിരാണെന്നും, പദ്ധതി സുഗമമായി നടക്കാന്‍ പോലീസ് സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.
പദ്ധതി നടത്തിപ്പിന് പോലീസ് സംരക്ഷണം നല്‍കാമെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് അനു ശിവരാമന് വ്യക്തമാക്കി. എന്നാല്‍ പൊതുജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തുന്ന തരത്തിലോ ജനങ്ങള്‍ക്ക് അപകടമോ മറ്റ് പ്രയാസങ്ങളോ ഉണ്ടാകുന്ന തരത്തിലോ ക്വാറി പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് കോടതി നിര്‍ദേശിച്ചു.