ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു: കാബിനിൽ കുടുങ്ങി ഡ്രൈവർ മരിച്ചു
Friday, August 19, 2022 12:20 AM IST
മുട്ടം: റബർപ്പാൽ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചു. തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ മുട്ടം പഞ്ചായത്ത് പടിക്കു സമീപം കൊടുംവളവിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ ലോറി മറിഞ്ഞത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയാണ് റോഡിൽനിന്നു 40 അടിയോളം താഴ്ചയിൽ മരുതുംകല്ലേൽ വിജയന്റെ പുരയിടത്തിലേക്കു മറിഞ്ഞത്. ലോറി ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സഹായി അജയിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിക്കു സമീപം കൂവപ്പള്ളിയിൽനിന്നു പ്ലാസ്റ്റിക് വീപ്പകളിൽ നിറച്ച റബർ പാലുമായി ഗുജറാത്തിലേക്കു പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. താഴ്ചയിലേക്കു വീണ ലോറിയുടെ മുൻവശം പാറയിൽ ഇടിച്ചതിനെത്തുടർന്ന് കാബിൻ പൂർണമായും തകർന്ന് ഡ്രൈവറും സഹായിയും വാഹനത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.
പ്രദേശ വാസികൾ ഓടിയെത്തിയെങ്കിലും ഇവരെ പുറത്തെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ്, പോലീസ്, ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ജനകൂട്ടം എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തെത്തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചു നീക്കിയാണ് ഇവരെ പുറത്തെടുത്തത്.