കാൽ നഷ്ടമായ ജോർജിനു കോടിയടിച്ചു
Friday, August 19, 2022 1:56 AM IST
അങ്കമാലി: രോഗം പിടിപെട്ടു വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന അരൂർ സ്വദേശിക്ക് ആശ്വാസമായി ഒരു കോടി രൂപ ലോട്ടറിയടിച്ചു. അരൂർ ക്ഷേത്രം കവലയിൽ ചായക്കട നടത്തിക്കൊണ്ടിരുന്ന എൻ.എ. ജോർജ് ആണ് സമ്മാനാർഹനായത്.
ചേർത്തല മാക്കേക്കടവിലുള്ള രാജേഷിന്റെ ഏജൻസിയിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എന്ന ലോട്ടറിയുടെ രണ്ടു ടിക്കറ്റുകൾ അരൂർ ഗവ.ആശുപത്രിക്കു സമീപം ദേശീയ പാതയോരത്തു വീടിനു മുന്നിൽ വച്ച് ഓഗസ്റ്റ് 14 നാണ് വാങ്ങിയത്.
ഒരു ടിക്കറ്റിന് ഒരു കോടിയും രണ്ടാമത്തേതിന് 8,000 രൂപയും സമ്മാനമുണ്ട്. വർഷങ്ങൾക്കു മുമ്പ് രോഗം ബാധിച്ച് വലതുകാൽ മുട്ടിനു താഴേയ്ക്കു നീക്കം ചെയ്ത ശേഷം തൊഴിലെടുക്കാൻ ആകുമായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ലോട്ടറി വിൽപനക്കാരനായിരുന്നു. കുമ്പളങ്ങി സ്വദേശിനി മേരിയാണ് ഭാര്യ. അമൽ, വിമൽ, വിൽമ എന്നിവർ മക്കളാണ്.