മധു വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാൻ ഉത്തരവ്
Wednesday, November 30, 2022 11:58 PM IST
മണ്ണാർക്കാട്: മധു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരായ 119-ാം സാക്ഷി സുബ്രഹ്മണ്യനെയും 122-ാം സാക്ഷി ശശികുമാറിനെയും വിസ്തരിക്കാൻ മണ്ണാർക്കാട് പട്ടികജാതി\പട്ടികവർഗ പ്രത്യേക കോടതി ഉത്തരവിട്ടു. ഈ മാസം അഞ്ചിന് സുബ്രഹ്മണ്യനെയും ഒന്പതിനു ശശികുമാറിനെയും വിസ്തരിക്കാനാണ് ഉത്തരവ്.
ഇന്നു വിസ്തരിക്കേണ്ടിയിരുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിക്കുന്നതു നീട്ടിവച്ചു. തിരുവനന്തപുരത്തെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിസ്തരിക്കുന്നത് നീട്ടിയതെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. ജില്ലാ കളക്ടറെ വിസ്തരിക്കുന്നതിനുള്ള തീയതി പിന്നീട് തീരുമാനിക്കും.
മധുവിന്റെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹർജി ഇന്നലെ പരിഗണിച്ചു. അട്ടപ്പാടി പട്ടികജാതി\പട്ടികവർഗ തഹസിൽദാർ മധുവിന്റെ പുതിയ സർട്ടിഫിക്കറ്റ് ഇന്നലെ കോടതിയിൽ ഹാജരാക്കി.
മജിസ്റ്റീരിയൽ റിപ്പോർട്ടിനൊപ്പം ഇൻക്വസ്റ്റ് റിപ്പോർട്ടുകൂടി വേണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയും കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെങ്കിൽ അത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
ഇല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട എന്തു രേഖകളാണ് ഉള്ളതെങ്കിൽ അത് കോടതിയിൽ ഹാജരാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.