മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വാങ്ങുന്ന വാഹനങ്ങള്‍ക്കും നികുതി ഇളവ് ബാധകം
Thursday, January 26, 2023 1:50 AM IST
കൊച്ചി: ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഉപയോഗിക്കാനായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് നല്കുന്ന നികുതിയിളവ് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വാങ്ങുന്ന വാഹനങ്ങള്‍ക്കും ഹൈക്കോടതി ബാധകമാക്കി.
മാനസിക വെല്ലുവിളി നേരിടുന്ന മകന് വേണ്ടി വാങ്ങിയ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് നികുതിയിളവു നിഷേധിച്ചതിനെതിരേ മാനന്തവാടി സ്വദേശിനിയായ അമ്മ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു വേണ്ടി 2022 മാര്‍ച്ച് ഒന്നിനോ അതിന് ശേഷമോ വാങ്ങിയ വാഹനങ്ങള്‍ക്ക് നികുതിയിളവു നല്‍കുന്നുണ്ടെന്നും ഇതിനു മുമ്പു വാങ്ങിയ വാഹനങ്ങള്‍ക്കാണ് ഇളവു നല്‍കാത്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു വേണ്ടി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 1998 ഏപ്രില്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവു നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
ഈ കാലയളവില്‍ വാഹനം വാങ്ങി നികുതിയടച്ചവര്‍ നികുതിയിളവിനായി അപേക്ഷ നല്കിയാല് തുക തിരിച്ചു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് അനുവദിച്ചതിനാല്‍ 2022 മാര്‍ച്ച് ഒന്നിനോ ഇതിനുശേഷമോ വാങ്ങിയ വാഹനങ്ങള്‍ക്ക് നികുതിയിളവു നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു പ്രസക്തമല്ലെന്ന് വിലയിരുത്തി റദ്ദാക്കുകയും ചെയ്തു.