ഇ. ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ചകേസ്; സിപിഎം പ്രവർത്തകർ മൊഴിമാറ്റിയത് പരിഹാസ്യമെന്നു കെ. പ്രകാശ് ബാബു
Tuesday, January 31, 2023 12:46 AM IST
തിരുവനന്തപുരം: പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്ത കേസിൽ വിചാരണ സമയത്തു സിപിഎം പ്രവർത്തകർ മൊഴിമാറ്റിയ സംഭവത്തിൽ വിമർശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു.
ഇടതു നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിനു പകരം ബിജെപി - ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്നു പ്രകാശ്ബാബു പറഞ്ഞു.
ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ. രവി അടക്കമുള്ള സാക്ഷികളാണു മൊഴിമാറ്റിയത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെ കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ചാണു സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു.
പരിക്കേറ്റ കൈയുമായാണു ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സംഭവത്തിൽ സിപിഎം നേതൃത്വം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കെ. പ്രകാശ്ബാബു ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.