ബൈബിൾ അവഹേളിക്കപ്പെട്ട സംഭവം: ദൗർഭാഗ്യകരമെന്ന് ജാഗ്രതാകമ്മീഷൻ
Wednesday, February 1, 2023 12:42 AM IST
കൊച്ചി: ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ചു കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവദൗർഭാഗ്യകരവും വേദനാജനകവുമാണെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ.
കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവർഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്.
ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിനു വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തതു ഖേദകരമാണ്. മതമൈത്രിയും സാമൂഹികസൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ സാമൂഹിക - സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്.
തീവ്രവാദചിന്തകൾ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റിനിർത്താനും സമുദായനേതൃത്വങ്ങൾ തയാറാകണം.
വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച കാസർഗോഡ് സ്വദേശിയെ മാതൃകാപരമായി ശിക്ഷിച്ച് സംഭവത്തെക്കുറിച്ചു ശരിയായ അന്വേഷണം നടത്തണമെന്നു കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.