മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ സജ്ജമായില്ല
Wednesday, February 1, 2023 12:42 AM IST
ജോണ്സണ് വേങ്ങത്തടം
കോട്ടയം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി 235 കോടി രൂപ മുടക്കി സ്ഥാപിച്ച കാമറകൾ ഇരുട്ടിൽതപ്പുന്നു. ഭരണാനുമതി ലഭിക്കാത്തതും കെൽട്രോണുമായിട്ടുള്ള തർക്കവും മൂലം റോഡുകൾ തോറും സ്ഥാപിച്ചിരിക്കുന്ന മോട്ടോർവാഹന വകുപ്പിന്റെ കാമറകൾ ഒന്‍പതു മാസമായിട്ടും പ്രവർത്തനസജ്ജമായിട്ടില്ല.
675 ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ ഉൾപ്പെടെ 726 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതു നിയന്ത്രിക്കാനായി മാത്രം സ്റ്റേറ്റ് കണ്ട്രോൾ റൂമും 12 ജില്ലാ കണ്ട്രോൾ റൂമുകളും സജ്ജീകരിക്കുന്നതിനുള്ള കരാറും കെൽട്രോണുമായി മോട്ടോർവാഹന വകുപ്പ് ഉണ്ടാക്കിയിരുന്നു. ഇതിനായി 168,90,26,124 രൂപയും ഫെസിലിറ്റി മാനേജ്മെന്റ് സർവീസിനായി 66,92,02,688 രൂപയും ചേർത്ത് 235,82,28,812 രൂപയാണു ചെലവു വരുന്നത്. ഇതിൽനിന്ന് കണ്‍സൾട്ടിംഗ് ചാർജിന്റെ അഞ്ചുശതമാനം കുറയ്ക്കാമെന്നും കെൽട്രോണ്‍ സമ്മതിച്ചിരുന്നു.
ആദ്യഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി കാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടു. അതു കഴിഞ്ഞപ്പോൾ കാമറകൾ സ്ഥാപിക്കുന്നതിനു സഹായിച്ച കെൽട്രോണും ധനകാര്യവകുപ്പും തമ്മിൽ സാന്പത്തിക തർക്കമായി. കെൽട്രോണ്‍ ആവശ്യപ്പെട്ട തുക നൽകാൻ ധനവകുപ്പ് തയാറായില്ല. ഫലത്തിൽ പദ്ധതി മുടങ്ങിക്കിടക്കുകയാണ്. കോടികൾ മുടക്കിക്കഴിഞ്ഞ പദ്ധതിയാണു പ്രവർത്തനരഹിതമായി തുടരുന്നത്.
ഹെൽമറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനത്തിൽ രണ്ടുപേരിലധികം യാത്ര ചെയ്യുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കുക, നിയമപ്രകാരമല്ലാത്ത നന്പർ പ്ലേറ്റ് പ്രദർശിപ്പിച്ച് വാഹനമോടിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക മുതലായ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുവാനും അതുവഴി റോഡ് അപകടങ്ങൾ കുറയ്ക്കാനുമാണു കാമറ സ്ഥാപിച്ചത്.
ഈ കാമറകൾ മാത്രമല്ല, ഇതിനു മുൻപ് പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന അമിതവേഗം കണ്ടെത്താനുള്ള കാമറകളിൽ പലതും പലപ്പോഴും പ്രവർത്തനരഹിതമാണ്. കേടായി കിടക്കുന്നവ നന്നാക്കാനും പ്രവർത്തനക്ഷമമല്ലാത്തവ മാറ്റിസ്ഥാപിക്കാനും നടപടിയെടുക്കുമെന്ന് ഏതാനും മാസം മുൻപ് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. ഇപ്പോഴും പലയിടത്തും അവ കേടായി കിടക്കുന്നു. അമിതവേഗം അടക്കം ട്രാഫിക് നിയമലംഘനങ്ങൾ സംസ്ഥാനത്തെ പ്രധാന റോഡുകളിൽ നിത്യവും വലിയ രീതിയിൽ ഉണ്ടാകുന്നു.
ഗതാഗത വകുപ്പിന്റെ അത്യാധുനിക കാമറകൾക്കു പുറമേയാണ് അക്രമസാധ്യതാ മേഖലകളിലും പ്രധാന ജംഗ്ഷനുകളിലുമായി പോലീസിന്റെ 866 കാമറകൾ സ്ഥാപിക്കുന്നത്. ഇത് ഏറെക്കുറെ പ്രവർത്തനസജ്ജമായിക്കൊ ണ്ടിരിക്കുന്പോഴാണ് മോട്ടോർവാഹനവകുപ്പിന്റെ കാമറകൾ മാത്രം മിഴി തുറക്കാത്തത്. എത്രയും വേഗം ഭരണാനുമതി ലഭിക്കുമെന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.