സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിന്? കെ. സുധാകരന്
Wednesday, February 1, 2023 12:43 AM IST
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയും സൗമ്യശീലനും ജനകീയനും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആർഎസ്എസ് പ്രതികൾക്കു വേണ്ടി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തിൽ കൂടുതൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ സിപിഐ നേതൃത്വം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
കേരള കോണ്‍ഗ്രസ് -എം എൽഡിഎഫിന്റെ ഭാഗമായതു മുതൽ സിപിഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂർവമായ നിരവധി ശ്രമങ്ങൾ സിപിഎം നടത്തിയിട്ടുണ്ട്. സിപിഐയുടെ വകുപ്പുകളിൽ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകൾക്കെതിരേ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്.
കോട്ടയത്ത് പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തച്ചൊല്ലിയുള്ള തർക്കത്തിൽ കേരള കോണ്‍ഗ്രസിനു വഴങ്ങിയ സിപിഎമ്മിനെയാണ് സിപിഐ തള്ളിപ്പറഞ്ഞത്. തുടർച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.