പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
Thursday, February 9, 2023 12:17 AM IST
തിരുവനന്തപുരം: ബജറ്റിൽ വർധിപ്പിച്ച നികുതി നിരക്കുകൾ കുറയ്ക്കാൻ ധനമന്ത്രി തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
ഇന്നലെ നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് ചർച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ടു പ്രസംഗിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. നികുതി നിർദേശങ്ങളിൽ ഇളവു വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നു ധനമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു നിന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയും ബഹിഷ്കരണം പ്രഖ്യാപിക്കുകയുമായിരുന്നു.
ബജറ്റ് ചർച്ച തുടങ്ങിയ തിങ്കളാഴ്ച മുതൽ പ്ലക്കാർഡുകൾ മേശപ്പുറത്തു വച്ചു കൊണ്ടാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലിരിക്കുന്നത്. ഇന്നലെ ബഹിഷ്കരണം പ്രഖ്യാപിച്ചയുടൻ പ്ലക്കാർഡുകളും പിടിച്ചു മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പുറത്തേക്കിറങ്ങി. സഭാകവാടത്തിൽ സത്യഗ്രഹം അനുഷ്ഠിക്കുന്നവർക്കൊപ്പമിരുന്നു കുറേസമയം അവർ മുദ്രാവാക്യം മുഴക്കി പ്രതിഷേധം തുടർന്നു.