ആർഎസ്പി യുഡിഎഫിൽ ഉറച്ചുനിൽക്കും: ഷിബു ബേബി ജോൺ
Saturday, March 4, 2023 12:25 AM IST
കോട്ടയം: ആർഎസ്പി എൽഡിഎഫിലേക്കു പോയി ആത്മഹത്യ ചെയ്യാനില്ലെന്നും യുഡിഎഫിൽ ഉറച്ചുനിൽക്കുന്നുവെന്നു സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോൺ.
ഒരുവിഭാഗം എൽഡിഎഫിലേക്ക് പോകുന്നതിനായി സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എൽഡിഎഫിലുണ്ടായിരുന്ന കാലഘട്ടത്തെക്കാൾ യുഡിഎഫിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നു.
കേന്ദ്രത്തിൽ നിന്നും ബിജെപിയെതാഴെയിറക്കണമെങ്കിൽ പ്രതിപക്ഷ ഐക്യമാണ് ആവശ്യമെന്നും കോൺഗ്രസിനെ മാറ്റി നിർത്തിയൊരു പോരാട്ടം പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിനു ഇടതുപക്ഷ നിലപാട് കാണുന്നില്ല. ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും കേന്ദ്രമായി സിപിഎം മാറി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.