തൊഴിലുറപ്പു പദ്ധതിയിൽ 2000 കുളങ്ങൾ നിർമിക്കും
Sunday, March 19, 2023 12:19 AM IST
തിരുവനന്തപുരം: ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2000 കുളങ്ങൾ നിർമിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം.
ആദ്യ ഘട്ടത്തിൽ 1000 കുളങ്ങളുടെ പൂർത്തീകരണവും ഉദ്ഘാടനവും ലോകജല ദിനമായ 22ന് നടക്കും. തദ്ദേശമന്ത്രി എം. ബി. രാജേഷ് തിരുവനന്തപുരം വാമനപുരം പഞ്ചായത്തിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
വിവിധ നിയോജക മണ്ഡലങ്ങളിൽ എംഎൽഎമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലും പരിപാടി നടക്കും.