കെഎസ്യു നിയമസഭാ മാര്‍ച്ച് നാളെ
Sunday, March 19, 2023 12:20 AM IST
കൊച്ചി: എസ്എഫ്ഐയുടെ അക്രമ കലാലയ രാഷ്ട്രീയത്തിനെതിരെ കെഎസ്യു നാളെ നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിനാണ് മാര്‍ച്ച്. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും കെഎസ്യു പ്രതിഷേധ ദിനമായി ആചരിക്കുമെന്നും അലോഷ്യസ് പറഞ്ഞു.
താലിബാന് മോഡലാണ് എസ്എഫ്ഐ കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസമെന്നു വിളിച്ചുപറഞ്ഞ് നടക്കുന്നവര്‍ തിരുവനന്തപുരം ലോ കോളജില്‍ കഴിഞ്ഞ ദിവസം വനിതാ അധ്യാപകരെ ഉള്‍പ്പടെ ഒന്‍പതു മണിക്കൂറിലേറെ ബന്ധികളാക്കി വച്ചത് അവര്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യങ്ങളുടെ ലംഘനമാണ്. പഠിപ്പിക്കുന്ന അധ്യാപകരുടെ കൈ ഒടിക്കുന്ന നിലയിലേക്ക് എസ്എഫ്ഐ അധഃപതിച്ചെന്നും അലോഷ്യസ് പറഞ്ഞു.