അന്തർ ജില്ലാ മോഷണ സംഘത്തിൽനിന്ന് 61 പവനും 2.67 ലക്ഷം രൂപയും കണ്ടെടുത്തു
Sunday, March 19, 2023 12:20 AM IST
പട്ടാന്പി: അന്തർ ജില്ലാ മോഷണ സംഘത്തിൽനിന്ന് 61 പവൻ സ്വർണവും 2.67 ലക്ഷം രൂപയും കണ്ടെടുത്തു.
സംസ്ഥാനത്തെ വിവിധകേസുകളിൽ പ്രതികളായ തിരുവനന്തപുരം സ്വദേശികളായ മണികണ്ഠൻ (52), നസീർ (55), അനിൽദാസ് (49), സബീർ (44), അബ്ദുൾകലാം (58) എന്നിവരെ ഒറ്റപ്പാലം ചിനക്കത്തൂർകാവ് പരിസരത്തുനിന്ന് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കൊപ്പം നടുവട്ടം കേസിൽ പ്രതികളായിട്ടുള്ള അഞ്ചുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. പട്ടാന്പി സിഐ ക്ലിന്റ്, കൊപ്പം എസ്ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം പ്രതികളുമായി തിരുവനന്തപുരത്തെത്തിയാണ് പാലക്കാട് ജില്ലയിൽനിന്ന് മോഷ്ടിച്ച് വിവിധ ജ്വല്ലറികളിൽ വില്പന നടത്തിയ സ്വർണം കണ്ടെത്തിയത്.
പ്രതികളുടെ വീടുകൾ റെയ്ഡ് നടത്തിയതിൽ 2,67,000 രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണ്, വാച്ചുകൾ, പെൻഡ്രൈവുകൾ,പെർഫ്യൂംസ് എന്നിവയും പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയിട്ടുള്ള മോഷണപരന്പരകളിൽ കഴിഞ്ഞ ഒന്പതു വർഷത്തിലേറെയായി ഇവർ മുങ്ങി നടക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ ഷൊർണൂർ ഡിവൈഎസ്പി പി. ഹരിദാസ്, ഒറ്റപ്പാലം ഇൻസ്പെക്ടർ എം. സുജിത്ത്, പട്ടാന്പി ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, കൊപ്പം എസ്ഐ എം.ബി. രാജേഷ്, ക്രൈം സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ ജെ. റഷീദ് അലി, പി. ജോളി സെബാസ്റ്റ്യൻ, എസ് സിപിഒമാരായ പി. അബ്ദുൾ റഷീദ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്.
ജനുവരി എട്ടിന് നടുവട്ടം പപ്പടപ്പടി ഈങ്ങച്ചാലിൽ മുഹമ്മദലിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന കേസിലാണ് പ്രതികളെ കൊപ്പം പോലീസ് പിടികൂടിയത്. മുപ്പത് പവൻ സ്വർണവും രണ്ടായിരം രൂപയുമാണ് പപ്പടപ്പടിയിലെ വീട്ടിൽനിന്ന് ഈ സംഘം കവർന്നത്.