12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
സ്വന്തം ലേഖകന്‍
Monday, March 20, 2023 4:38 AM IST
ചങ്ങനാശേരി: ‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറയാന്‍ പിതാവ് സമ്മതിച്ചിട്ടില്ല’- കാലം ചെയ്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ സഹായി നിതിന്‍ ഫ്രാന്‍സിസ് എന്ന അപ്പു നെഞ്ചുനീറി പറയുന്നു. നിഴലായി കൂടെ നിന്നു. ഇനി വെളിച്ചം നഷ്ടപ്പെട്ടതുപോലെ ഒരു തോന്നല്‍. ഒരു ഒറ്റപ്പെടല്‍ അനുഭവിക്കുന്നു.
നമുക്കൊരു നീറുന്ന പ്രശ്നമുണ്ടായാലും പിതാവ് കൂടെയുണ്ടായിരുന്നു. ഇനി ആരുമില്ല. വാക്കുകള്‍ നഷ്ടപ്പെട്ടു അപ്പു വിങ്ങുന്നു. എല്ലായ്പ്പോഴും അപ്പു (പിതാവ് അപ്പുവെന്നുമാത്രമേ വിളിക്കൂ) കൂടെ വേണമായിരുന്നു. ആശുപത്രി വാസം മാത്രമേ പിതാവിന് ഇഷ്ടമില്ലാത്തതുള്ളൂ. ആശുപത്രിയിലെ ഐസിയുവിലും കിടക്കാം, പക്ഷേ, ഞാന്‍ കൂടെ വേണമെന്നായിരുന്നു .
അല്ലെങ്കില്‍ ഒറ്റപ്പെടുമെന്ന തോന്നലായിരുന്നു. എനിക്ക് ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നു പലപ്പോഴും പിതാവ് പറയുമായിരുന്നു. അവസാന നാളുകളില്‍ എപ്പോഴും അമ്മേ എന്റെ ആശ്രയമേ എന്ന പ്രാര്‍ഥന ഉരുവിട്ടു കൊണ്ടിരിക്കും. 55 ദിവസങ്ങള്‍ ചെത്തിപ്പുഴ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു തിരിച്ചു ബിഷപ് ഹൗസിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച ഭക്ഷണം കൊടുത്തപ്പോള്‍ പിതാവിന്റെ കണ്ണു നിറഞ്ഞു. അസ്വസ്ഥതയുള്ളതായി കൈകാണിച്ചു. ചുമയും ഉണ്ടായിരുന്നു. ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞു. പോകേണ്ടെന്നും കുഴപ്പമില്ലെന്നും കാണിച്ചു. എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു. വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. പിന്നീടാണ് സ്ഥിതി വഷളായത്. എല്ലാം അവസാനിച്ചു. ഇതു പറയുമ്പോള്‍ അപ്പുവിന്റെ കണ്ഠമിടറി.
പിതാവ് ഭക്ഷണം കഴിക്കുമ്പോള്‍ ചോദിക്കും. അപ്പു ഭക്ഷണം കഴിച്ചോ?. നിങ്ങള്‍ നന്നായി കഴിക്കണം. ശരീരം ശ്രദ്ധിക്കണമെന്നെല്ലാം പറയും. കൂടെയുള്ളവരുടെ ഓരോ ചെറിയ പ്രശ്നത്തിലും പിതാവ് ഇടപ്പെടുമായിരുന്നു. ദിവസവും പത്ത് പത്രം വായിക്കുന്ന പിതാവിനെയാണ് ഞാന്‍ കണ്ടിരിക്കുന്നത്. ഏതു വിഷയത്തിലും പിതാവിന് അറിവുണ്ടായിരുന്നു. പലപ്പോഴും പിതാവിന്റെ വാക്കുകള്‍ കേട്ടു അഭ്ഭുതത്തോടെ നിന്നിട്ടുണ്ട്. രാത്രിയില്‍ 9.15ന് പിതാവ് ഉറങ്ങും. രാത്രി യാത്രകളും പരിപാടികളും അതു കൊണ്ട് തന്നെ സ്വീകരിക്കാറില്ല. 2019വരെ വെളുപ്പിനെ 2.40ന് എഴുന്നേല്ക്കുമായിരുന്നു. രണ്ടുമൂന്നു വര്‍ഷമായി വെളുപ്പിനെ അഞ്ചിനാണ് എഴുന്നേല്‍ക്കുന്നത്. വെളുപ്പിനെ എഴുന്നേറ്റു പ്രാര്‍ഥനയില്‍ ലയിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഒരുങ്ങുകയാണെന്നു പറയുമായിരുന്നു.
പിതാവിന്റെ ഓരോ വാക്കും പ്രവൃത്തിയും പ്രാര്‍ഥനയും സഭയ്ക്കും വിശ്വാസികള്‍ക്കു വേണ്ടിയായിരുന്നുവെന്നാണ് എന്റെ അനുഭവം. അസുഖബാധിതനാകുന്നതുവരെ കൂടുതലും സഭയെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമായിരുന്നു സംസാരം.