നിയമസഭയിലെ പ്രതിഷേധം: ഇ.പി. ജയരാജന്റെ കസ്റ്റഡി ക്ലാസ് അദ്ഭുതം: പ്രതിപക്ഷനേതാവ്
Monday, March 20, 2023 4:38 AM IST
കൊച്ചി: നിയമസഭയിലെ പ്രതിഷേധങ്ങളെക്കുറിച്ച് ഇ.പി. ജയരാജന്റെ സ്റ്റഡി ക്ലാസ് അദ്ഭുതമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. അദ്ദേഹം തല്ലിതകര്‍ത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലാണ്. മുഖ്യമന്ത്രിയെ വരികള്‍ക്കിടയില്‍ പരിഹസിക്കുകയാണ് ജയരാജന് ചെയ്യുന്നതെന്നും സതീശന് പറഞ്ഞു.
നിയമസഭയില്‍ എങ്ങനെയാണു പെരുമാറേണ്ടതെന്ന് ഇപിയെ പോലെയുള്ള ഒരാള്‍ പ്രതിപക്ഷത്തിനു ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണു നമ്മള് ജീവിക്കുന്നതെന്ന് ഓര്‍ത്തിട്ട് എനിക്ക് അദ്ഭുതം തോന്നുന്നു. പക്ഷേ ജയരാജന് പഴയ ആളല്ല. കാര്യങ്ങള്‍ കൗശലത്തോടെ കാണുന്ന പുതിയ ജയരാജനാണോ ഇതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍ സംശയമുണ്ട്.
എംഎല്‍എ ആയിരിക്കുമ്പോള്‍ അദ്ദേഹം തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര എവിടെയെന്ന് ഞാന്‍ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണില്‍ കിടക്കുന്നുണ്ടെന്നാണു വിവരം. ശരിക്കും മുഖ്യമന്ത്രിയെ വരികള്‍ക്കിടയില്‍ പരിഹസിക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാക്കളുടെ വാക്ക് ഔട്ട് പ്രസംഗങ്ങളാണു ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.
നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും. ഭീഷണിപ്പെടുത്തി പൂച്ചക്കുട്ടികളെ പോലെ നിയമസഭയില്‍ ഇരിക്കാന്‍ കഴിയില്ല. നിയമസഭാ പ്രവര്‍ത്തനത്തിന്റെ മനോഹരമായ ഭാഗം കൂടിയാണ് അടിയന്തരപ്രമേയ ചര്‍ച്ച. അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സതീശന് പറഞ്ഞു.