നിയമസഭാ സംഘർഷ കേസ്: പ്രിവിലേജ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ തുടർ നടപടിയുള്ളുവെന്നു സ്പീക്കർ
Tuesday, March 21, 2023 1:10 AM IST
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ടുള്ള പോലീസ് കേസിൽ സഭാ ചട്ടം അനുസരിച്ചു മാത്രമേ യുക്തമായ തുടർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നു സ്പീക്കർ എ.എൻ. ഷംസീർ നിയമസഭയിൽ അറിയിച്ചു.
നിയമസഭാധ്യക്ഷന്റെ അധികാര പരിധിയിൽ നടന്ന സംഭവമായതിനാലും ചട്ടം 164, 165 എന്നിവയിലെ വ്യവസ്ഥകൾ പാലിക്കേണ്ടതുള്ളതിനാലും ഇക്കാര്യം വിശദമായി പരിശോധിച്ചതിനുശേഷം മാത്രമേ ലഭ്യമായ പരാതികളിന്മേൽ യുക്തമായ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും സ്പീക്കർ റൂളിംഗിൽ അറിയിച്ചു.
നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് തുടർ നടപടി സ്വീകരിക്കണമെങ്കിൽ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സ്പീക്കർ അയയ്ക്കേണ്ടതുണ്ട്. ചട്ടം 164, 165 അനുസരിച്ചു നിയമസഭാധ്യക്ഷന്റെ പരിധിയിലുണ്ടാകുന്ന സംഘർഷങ്ങളിൽ തുടർ നടപടിക്കായി പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സ്പീക്കർ വിടേണ്ടതുണ്ട്.
പ്രിവിലേജ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ പോലീസിന് തുടർ നടപടിക്കായി അയയ്ക്കാൻ സാധിക്കുകയുള്ളു. സഭയിൽ പ്രതിഷേധങ്ങൾ പലവിധത്തിൽ നടക്കാറുണ്ടെങ്കിലും സഭാധ്യക്ഷന്റെ ഓഫീസ് ഉപരോധിക്കാനായി മാർച്ച് 15നു നടന്ന പ്രതിപക്ഷ ശ്രമം ദൗർഭാഗ്യകരമായിപ്പോയെന്നു സ്പീക്കർ റൂളിംഗിൽ പറഞ്ഞു.
അത്തരമൊരു നീക്കം കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ഓഫീസ് ഉപരോധത്തെ തുടർന്ന് വാച്ച് ആൻഡ് വാർഡ് സ്റ്റാഫുമായുണ്ടായ ബലപ്രയോഗത്തിൽ ഏതാനും അംഗങ്ങൾക്കും വാച്ച് ആന്റ് വാർഡ് സ്റ്റാഫിനും പരുക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ചിലർക്ക് സാരമായ പരിക്കുണ്ടായതായും മെഡിക്കൽ റിപ്പോർട്ടുണ്ട്. രണ്ട് ഭരണകക്ഷി അംഗങ്ങൾക്കെതിരെ ഉൾപ്പെടെ പത്തോളം പരാതികൾ ഇതിനകം ചെയറിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് എഫ്ഐആറിട്ട് തുടർ നടപടി സ്വീകരിക്കുന്നു.
നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ടു ഏഴു പ്രതിപക്ഷ എംഎൽഎമാർക്കെതിരേ കള്ളക്കേസ് എടുത്ത സാഹചര്യത്തിലാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വാദിയെ പ്രതിയാക്കുന്ന സമീപനമാണു സ്വീകരിച്ചത്. സ്പീക്കറെ ഉപരോധിക്കുക പോലും ചെയ്യാതെ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എംഎൽഎമാർക്കെതിരേ 10 വർഷം വരെ തടവു ലഭിക്കാവുന്ന കള്ളക്കേസാണ് എടുത്തത്. പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡുമായുള്ള തർക്കത്തിനിടെ ഭരണകക്ഷി എംഎൽഎമാർ എന്തിനു വന്നു. ബോധപൂർവം സംഘർഷം സൃഷ്ടിക്കാനാണു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.