2019 വരെയുള്ള അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം ബിൽ പാസാക്കി
Wednesday, March 22, 2023 12:12 AM IST
തിരുവനന്തപുരം: ഫീസ് നൽകി ക്രമവത്കരിക്കാവുന്ന അനധികൃത നിർമാണങ്ങളുടെ കാലയളവ് രണ്ടു വർഷവും മൂന്നുമാസവും കൂടി ദീർഘിപ്പിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസാക്കി.
ഭേദഗതി പ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധികളിൽ 2019 നവംബർ ഏഴുവരെ നടത്തിയ അനധികൃത നിർമാണങ്ങൾ ഫീസ് നൽകി ക്രമവത്കരിക്കാം.
നേരത്തേ 2017 ജൂലൈ 31 വരെയുള്ള കാലയളവിൽ നടത്തിയ അനധികൃത നിർമാണങ്ങൾ മാത്രമാണ് ഫീസ് ഈടാക്കി ക്രമവത്കരിച്ചു നൽകിയിരുന്നത്.
2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളും പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളും 2019 നവംബർ എട്ടിന് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.