നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം
Wednesday, March 22, 2023 12:50 AM IST
aതിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അഞ്ചു പ്രതിപക്ഷ അംഗങ്ങൾ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സഭ ഗില്ലറ്റിൻ ചെയ്തു നടപടികൾ അവസാനിപ്പിച്ചു പിരിഞ്ഞതിനെ തുടർന്ന് ഒന്നരമണിക്കൂറിൽ ഇവരുടെ സത്യഗ്രഹസമരം അവസാനിച്ചു.
ഇന്നലെ രാവിലെ ഒന്പതിനു ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രതിപക്ഷാംഗങ്ങൾ അനിശ്ചിതകാല സത്യഗ്രഹം ഇരിക്കാൻ പോകുന്നതായി പ്രഖ്യാപിച്ചത്. ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, എ.കെ.എം. അഷ്റഫ് എന്നിവരായിരുന്നു സത്യഗ്രഹികൾ.
ഇവർക്കു പിന്നാലെ മറ്റു പ്രതിപക്ഷാംഗങ്ങളും സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ചോദ്യോത്തരവേളയുമായി സ്പീക്കർ എ.എൻ.ഷംസീർ മുന്നോട്ടു പോയി. ഇടയ്ക്കിടയ്ക്കു മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം ബഹളവും തുടർന്നു.
ചോദ്യോത്തര വേള അവസാനിക്കാൻ ആറു മിനിറ്റ് ശേഷിക്കേ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ അറിയിച്ചു. തുടർന്നു മറ്റു നടപടികളിലേക്കു കടക്കുകയായിരുന്നു. 10.30 നു സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.