കേരള നിയമസഭയുടെ ആദ്യ പൂർണ ഗില്ലറ്റിൻ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത്
Wednesday, March 22, 2023 12:50 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചകളും ധന ബില്ലുകളും ആദ്യമായി കൂട്ടത്തോടെ പാസാക്കി നിയമസഭ ഗില്ലറ്റിൻ ചെയ്തത് 2000 ത്തിൽ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത്. പ്ലസ് ടു സമരം നിയമസഭയെ ഇളക്കിമറിച്ചതിനു പിന്നാലെയാണ് അന്നു സ്പീക്കറായിരുന്ന എം. വിജയകുമാർ, സഭാ നടപടികൾ കൂട്ടത്തോടെ പാസാക്കി താത്കാലികമായി സഭ പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ കീഴ്വഴക്കം പിന്തുടർന്നു യുഡിഎഫ് സർക്കാരും പിന്നീട് സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്തു. 2003 ലെ മുത്തങ്ങാ പോലീസ് വെടിവയ്പുമായി ബന്ധപ്പെട്ട വിവാദത്തത്തുടർന്നാണ് എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമൻ നടപടികൾ ഒറ്റയടിക്കു പാസാക്കി സഭ ഗില്ലറ്റിൻ ചെയ്തത്.
പിന്നീട് കേരള നിയമസഭയെ ഇളക്കി മറിച്ച ബാർ കോഴ ആരോപണമായിരുന്നു സഭയെ ഗില്ലറ്റിനിലേക്കു നയിച്ചത്. 2013ൽ എംഎൽഎമാരുടെ സസ്പെൻഷനും പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടുത്തളത്തിലെ സത്യഗ്രവുമെല്ലാം 2013 ൽ സഭാ നടപടികളുടെ ഗില്ലറ്റിനിലേക്കു നയിച്ചു. കോവിഡ് ലോക്ഡൗണുമായി ബന്ധപ്പെട്ടായിരുന്നു 2020ലെ നിയമസഭാ ഗില്ലറ്റിൻ.
പ്രതിപക്ഷം നടുത്തളത്തിൽ സത്യഗ്രഹ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്നലെ നിയമസഭാ നടപടികൾ കൂട്ടത്തോടെ അവസാനിപ്പിച്ചു സഭ ഗില്ലറ്റിൻ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഗില്ലറ്റിൻ ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
പ്രതിപക്ഷം സമരം കടുപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആറു ദിവസമായി സഭാ നടപടികൾ ചർച്ച കൂടാതെയായിരുന്നു പാസാക്കിയിരുന്നത്.
എന്നാൽ, ഒന്നോ രണ്ടോ ദിവസത്തെ നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുന്നത് നിയമസഭയുടെ ആദ്യകാലം മുതൽ ഇടയ്ക്കിടെ സംഭവിക്കുമായിരുന്നു. ഒന്നര വർഷം മുൻപ് സെലക്ട് കമ്മിറ്റിക്കു വിട്ട പൊതുജനാരോഗ്യ ബിൽ നേരത്തേ നിശ്ചയിച്ചതിലും ഒരാഴ്ച മുൻപ് സഭ പരിഗണിച്ച് ഒരു ചർച്ചയും കൂടാതെ പാസാക്കുന്നതും നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്.
സാധാരണ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുന്ന ബില്ലുകൾ മടങ്ങിവരുന്നതുതന്നെ അപൂർവമാണ്. ഒട്ടേറെ ഭേദഗതികൾ ഉൾപ്പെട്ട ബിൽ വരുന്ന 29ന് ഒരു ദിവസത്തെ ചർച്ചയ്ക്കു ശേഷം പാസാക്കാനായിരുന്നു നിർദേശിച്ചിരുന്നത്. സെലക്ട് കമ്മിറ്റി 150 മണിക്കൂർ ചർച്ച ചെയ്താണ് ഭേദഗതി നിർദേശിച്ചത്.