വസ്തുനികുതി: പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
Thursday, March 23, 2023 2:17 AM IST
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വസ്തുനികുതി പുതുക്കിക്കൊണ്ടുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും.
ഇതുപ്രകാരം ഇതുവരെ നികുതി നിർണയിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളുടെയും വാർഷിക വസ്തുനികുതിക്കൊപ്പം അടുത്ത സാന്പത്തികവർഷം മുതൽ ഓരോ വർഷവും അഞ്ചു ശതമാനം വീതം വർധന വരുത്തി ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അടുത്ത അഞ്ചു വർഷത്തേക്കുള്ള വസ്തുനികുതി പുതുക്കി നിശ്ചയിക്കണം. നിയമപ്രകാരമുള്ള സേവനനികുതിയും ഇതോടൊപ്പം ഈടാക്കുന്നതിനു നിർദേശമുണ്ട്.
കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കു വസ്തുനികുതി ബാധകമല്ലെങ്കിലും സർവീസ് ചാർജ് ചുമത്താം.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ മാസം 31നു മുൻപായി പുതുക്കിയ നികുതിവിവരങ്ങൾ കെട്ടിട ഉടമകൾക്കു നൽകണം. നികുതി നിർണയിച്ചശേഷം കെട്ടിടത്തിൽ ഉടമ എന്തെങ്കിലും മാറ്റം വരുത്തിയാൽ 30 ദിവസത്തിനകം അത് ബന്ധപ്പെട്ടവരെ അറിയിക്കണം. അല്ലാത്ത പക്ഷം ഇതിനു തക്കതായ പിഴ ഈടാക്കണം.
ഇത്തരത്തിൽ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ള ഉടമകൾമേയ് 15നു മുൻപായി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചാൽ ഇവർക്ക് പിഴയിൽനിന്ന് ഒഴിവാകാൻ സാധിക്കും. കെട്ടിട ഉടമ വിവരം അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ ശരിയായ വിവരം സ്ഥലം പരിശോധന നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സോഫ്റ്റ്വേറിൽ ചേർക്കണം.
വസ്തു നികുതി നിർണയത്തിന് ആധാരമായ വിവരങ്ങളിൽ മാറ്റം വരുന്നപക്ഷം നിലവിലെ നികുതി താത്കാലികമായി പുനർനിർണയിക്കണം. പുനർനിർണയിക്കപ്പെടുന്ന നികുതിയുടെ അടിസ്ഥാനത്തിൽ അടുത്ത സാന്പത്തിക വർഷം മുതലുള്ള വർധന കണക്കാക്കും.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതും സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ വിസിതീർണം 60 ചതുരശ്ര മീറ്റർ വരെയാണെങ്കിൽ നികുതി ഇളവിനും ഉത്തരവിൽ നിർദേശമുണ്ട്.