സംഘപരിവാറിന്റെ ന്യൂനപക്ഷ പ്രീണനശ്രമം നടക്കില്ല: മുഖ്യമന്ത്രി
Thursday, March 23, 2023 2:17 AM IST
കണ്ണൂർ: വോട്ട് ലക്ഷ്യമാക്കി മത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അവസരവാദികൾ സുഖിപ്പിക്കുന്ന വർത്തമാനം പറയും. അതു പൊതുവികാരമാണെന്നു സംഘപരിവാർ കരുതേണ്ട. ബിജെപി അജണ്ട നടപ്പാക്കാനുള്ള നാടല്ല കേരളം. ഒരു വര്‍ഗീയതയോടും കേരളത്തിനു വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരളശേരിയിൽ എകെജി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിർഭാഗ്യവശാൽ കേരളത്തിൽ മതവിഭാഗങ്ങളിലെ ചിലരെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ ഇവർ സമീപിക്കുന്നുണ്ട്. പക്ഷേ വലിയ സ്വീകാര്യത അതിനു കിട്ടുന്നില്ല. ഏതു തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താൻ പറ്റും. ആ ചിലർ പൊതുവായതല്ല, അവരുടേതു പൊതുവികാരവുമല്ല.
വളരെ ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗം വലിയ തോതിലുള്ള ആക്രമണത്തിനാണ് വിധേയമായത്. വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർഎസ്എസ്. അതിന്റെ രാഷ്ട്രീയരൂപമാണു ബിജെപി. അത് ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ചിന്താഗതിക്കാർ ഇവരെ മാറ്റിനിർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.