ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു പീഡനം: അഞ്ചുപേർക്കു സസ്പെൻഷൻ
Friday, March 24, 2023 1:05 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്കു മേൽ ജീവനക്കാർ സമ്മർദം ചെലുത്തിയ സംവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്.
സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരേയാണു വകുപ്പുതല നടപടി. ഒരു താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും അഞ്ചു പേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മെഡിക്കൽ കോളജ് ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻഡർമാരായ പി.ഇ. ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഇവർക്കു പുറമേ താത്കാലിക ജീവനക്കാരിയായ ദീപയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
സർവീസ് ചട്ട പ്രകാരം താത്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ വകുപ്പില്ലാത്തതിനാൽ ഇവർക്കെതിരേ പിരിച്ചുവിടൽ നടപടി മാത്രമേ കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ. അതിനാലാണ് മറ്റു നാലു പേരെ സസ്പെൻഡ് ചെയ്തപ്പോൾ താത്കാലിക ജീവനക്കാരിയെ മാത്രം പിരിച്ചുവിട്ടത്. അതിജീവിതയുടെ പരാതിയെത്തുടർന്ന് മൂന്നംഗ സമിതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.