സുരേഷ് ഗോപിയുടെ സീറ്റ് പിടിക്കാൻ ബിഡിജെഎസ്
Friday, March 24, 2023 1:06 AM IST
തൃശൂർ: അടുത്ത തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിന് അവകാശമുന്നയിച്ചു ബിഡിജെഎസ്.
ബിജെപി നേതാക്കളുമായി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ ചർച്ച നടത്തി. തൃശൂരിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിൽ സുരേഷ് ഗോപി തൃശൂർ സീറ്റിന് ആഗ്രഹമുന്നയിച്ചെങ്കിലും കഴിഞ്ഞതവണ തങ്ങൾക്കനുവദിച്ച സീറ്റ് നൽകണമെന്നാണ് ആവശ്യം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായാണു തുഷാർ വെള്ളാപ്പള്ളി ചർച്ച നടത്തിയത്. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഢ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ബിഡിജെഎസുമായുള്ള ബന്ധം സുദൃഢമാക്കണമെന്നാണു ദേശീയ നേതാക്കളുടെയും അഭിപ്രായം.
കഴിഞ്ഞവട്ടം അവസാന നിമിഷത്തിലാണു തുഷാർ വെള്ളാപ്പള്ളിയെ തൃശൂരിൽനിന്നു വയനാട്ടിലേക്കു മാറ്റിയത്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതാണു മാറ്റത്തിനു കാരണം. ഇക്കുറി വിട്ടുകൊടുക്കില്ലെന്ന സൂചനയെത്തുടർന്നാണ് അമിത് ഷാ പങ്കെടുത്ത യോഗത്തിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്നു സുരേഷ് ഗോപി പറഞ്ഞതെന്നും ചൂണ്ടിക്കാട്ടുന്നു.
തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തോടു സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കും അഭിപ്രായമില്ല. കാര്യങ്ങൾ ദേശീയ നേതൃത്വവുമായി മാത്രം ആലോചിച്ചു നടപ്പാക്കുന്നതാണ് എതിർപ്പിന്റെ പ്രധാന കാരണം. കേന്ദ്രം പറയുന്പോൾ അനുസരിക്കുകയെന്ന നിലപാടു മാത്രമാണിപ്പോൾ സുരേഷ് ഗോപിയുടെ കാര്യത്തിൽ ബിജെപി നേതൃത്വത്തിനുമുള്ളത്.