കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്കു പരിക്ക്
Friday, March 24, 2023 1:06 AM IST
മേപ്പാടി: കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി പരിക്കേറ്റു.
നെടുംകരണ അഞ്ചാം നന്പർ സ്വദേശി ആഷിക്കി (18) നാണ് പരിക്കേറ്റത്. ഒരു മാസത്തിനിടെ കാട്ടുപന്നി കുറുകെ ചാടിയുള്ള മൂന്നാമത്തെ അപകടമാണിത്.
കഴിഞ്ഞദിവസം കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുവയസുകാരൻ മരിച്ചിരുന്നു. അപകടം നടത്തുന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാത്രം അകലെയാണു വീണ്ടും അപകടം.
തേയിലത്തോട്ടത്തിൽനിന്ന് എത്തിയ കാട്ടുപന്നിയാണ് അപകടം സൃഷ്ടിച്ചത്. ആഷിക്കും സുഹൃത്ത് രമിത്തും വടുവഞ്ചാൽനിന്നു നെടുങ്കരണയിലേക്കു പോകവേ റോഡിൽ ചാടിയ കാട്ടുപന്നിയുമായി ഇരുചക്ര വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ആഷിക്കിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞദിവസം സ്കൂട്ടർ യാത്രികൻ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടുപന്നിയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസുകാരിക്കു ഗുരുതര പരിക്ക്
കൽപ്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു.
കന്പളക്കാട് രാസ്തയ്ക്കു സമീപം താമസിക്കുന്ന വടക്കേക്കരയിൽ ലിബിന്റെ മകൾ വിവേകയ്ക്കാണു പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ലിബിനും കുടുംബവും സഞ്ചരിച്ച ബൈക്കിൽ കൽപ്പറ്റ പുളിയാർമല ഐടിഐക്കു സമീപം കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്.
ലിബിനും ഭാര്യ ജീനയ്ക്കും ഒരു വയസുള്ള കുട്ടിക്കും പരിക്കുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.