രാത്രിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥ: രമേശ് ചെന്നിത്തല
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ സ്ത്രീകൾക്കു പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല. പാറ്റൂരിൽ അക്രമത്തിനിരയായ വിട്ടമ്മയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരത്തിൽ മാത്രം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴു സ്ത്രീകളാണ് ആക്രമണത്തിനിരയായത്. പോലീസ് പ്രതികളെ പിടിക്കുന്നില്ല. പോലീസ് പട്രോളിംഗ് ഇല്ല. പേട്ടയിലെ സംഭവം ഉണ്ടായതിനുശേഷം അവരുടെ മകൾ വിളിച്ചു പറഞ്ഞിട്ടുപോലും പോലീസ് എത്തിയില്ല. ആശുപത്രിയിൽ എത്തിക്കണമെന്നാവശ്യപ്പെട്ടിട്ട് അതിനും തയാറായില്ല.
പേട്ട പോലീസ് സ്റ്റേഷനിലെ സ്ഥിതി മാത്രമല്ല ഇത്. കേരളത്തിൽ എല്ലായിടത്തും സ്ഥിതി ഇതാണ്. രാത്രിയിൽ അഭയം തേടി ഒരാൾ വിളിച്ചാൽ പോലും പോലീസ് എത്തുന്നില്ല എന്നു പറഞ്ഞാൽ എവിടെ നിൽക്കുന്നു നമ്മുടെ ക്രമസമാധാന നില. തലസ്ഥാനനഗരിയിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് നഗരങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.