വൈക്കം സത്യഗ്രഹ ശതാബ്ദി: പിണറായി വിജയനും എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും
Saturday, March 25, 2023 1:03 AM IST
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ ഒന്നിനു വൈക്കത്തു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിക്കും. നൂറു വര്‍ഷം തികയുന്ന വൈക്കം സത്യഗ്രഹത്തിന്റെ ഓര്‍മപുതുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ 603 ദിവസങ്ങളിലായാണ് സംഘടിപ്പിക്കുക.
ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം പെരിയാര്‍ സ്മാരകത്തില്‍ മുഖ്യമന്ത്രിമാര്‍ നടത്തുന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണു സമ്മേളനം ആരംഭിക്കുക. മന്ത്രി വി.എന്‍ വാസവന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അവതരിപ്പിക്കും.
ശതാബ്ദിയുടെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സി.കെ. ആശ എംഎല്‍എയ്ക്കു നല്‍കും. വൈക്കം സത്യഗ്രഹ കൈപ്പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാഴികാടന് എംപിക്കു കൈമാറും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍, ജോസ് കെ. മാണി എംപി, ബിനോയ് വിശ്വം എംപി, ടി.ആര്. ബാലു എംപി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മുന്‍ എംപി കെ. സോമപ്രസാദ്, കേരള നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി. രാമഭദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളില്‍ അയിത്ത ജാതിക്കാരെന്നു മുദ്രകുത്തിയവര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയായിരുന്നു 1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 23 വരെ 603 ദിവസങ്ങളിലായി നടന സമരം.
സത്യഗ്രഹ സ്മരണയില്‍നിന്നു രൂപപ്പെടുന്ന നവോഥാന മൂല്യങ്ങള്‍ വരുംതലമുറകള്‍ക്ക് കൈമാറുക എന്നതാണ് ശതാബ്ദി ആഘോഷ സന്ദേശം.
മന്ത്രിമാരായ വി.എന്‍.വാസവന്, സജി ചെറിയാന് സാംസ്കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ആര്‍ഡിഒ പി.ജി. രാജേന്ദ്ര ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.