ഹെലികോപ്റ്റർ അപകടം: തീപിടിത്തം ഒഴിവായത് ഇന്ധനം ചോരാതിരുന്നതിനാൽ
Monday, March 27, 2023 1:18 AM IST
നെടുമ്പാശേരി : നിയന്ത്രണം വിട്ട ഹെലികോപ്റ്റർ വീഴുമ്പോൾ ഉണ്ടാകാനിടയുള്ള വൻ അപകടസാധ്യത കൊച്ചി വിമാനത്താവളത്തിൽ ഒഴിവായി. 1999 ൽ പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ കഴിഞ്ഞ 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ വിധത്തിലുള്ള ഒരു സംഭവം.
വിമാനങ്ങൾ റൺവേയിൽനിന്നു തെന്നിമാറുന്നതും ലാൻഡ് ചെയ്യുമ്പോൾ ചക്രങ്ങൾ പൊട്ടുന്നതും പോലെയുള്ള സംഭവങ്ങൾ മാത്രമാണു മുന്പ് ഇവിടെയുണ്ടായിട്ടുള്ളത് . പുലർച്ചെ ശക്തമായ മഴയും കാറ്റും ഉണ്ടായപ്പോൾ ലാൻഡ് ചെയ്ത ഗൾഫ് എയർ വിമാനം റൺവേയിൽ നിന്നു പുറത്തു പോയി മൺതിട്ടയിൽ ഇടിച്ചുനിന്നതാണ് മുൻ കാലത്തെ ഒരു വലിയ അപകടം. അന്നു മാത്രമാണ് 12 മണിക്കൂറോളം വിമാന സർവീസുകൾ തടസപ്പെട്ടത്.
അവസരോചിത ഇടപെടലുമായി സിയാൽ അഗ്നിരക്ഷാസേന
ഹെലികോപ്റ്റർ വീണപ്പോൾ സിയാലിലെ അഗ്നിസുരക്ഷാസേനയുടെ അവസരോചിത ഇടപെടൽ ഏറെ തുണയായി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരെ മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്താൻ കഴിഞ്ഞു. സാധാരണനിലയിൽ ഹെലികോപ്റ്റർ ഈ വിധം വീഴുമ്പോൾ തീപിടിത്തത്തിനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇന്ധനം ചോരാതിരുന്നതിനാൽ തീപിടിത്തം ഒഴിവായി.
സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയശേഷം തുടർ നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞതുകൊണ്ടാണു രണ്ടു മണിക്കൂറിനകം പ്രവർത്തനം സാധാരണനിലയിലായത് . റൺവേയിൽ നിന്ന് അഞ്ചു മീറ്റർ മാത്രം അകലത്തിലാണ് ഹെലികോപ്റ്റർ വീണത്. റൺവേയ്ക്കു യാതൊരു വിധ കേടുപാടുകളും ഉണ്ടായില്ല . ഇവിടത്തെ പൊടിയും മറ്റു മാലിന്യങ്ങളും അഗ്നി സുരക്ഷ വിഭാഗം വളരെവേഗം നീക്കം ചെയ്തു. വിമാനങ്ങൾ തിരിച്ചുവിട്ടെങ്കിലും യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി ബുദ്ധിമുട്ടിച്ചില്ലെന്നതും എടുത്തുപറയേണ്ടതാണ്.