പിഎസ്സി നിയമനശിപാർശ മെമ്മോകൾ ഇനി ഡിജിലോക്കറിലും
Tuesday, March 28, 2023 12:46 AM IST
തിരുവനന്തപുരം: 2023 ജൂണ്‍ ഒന്നു മുതൽ ഉദ്യോഗാർഥികൾക്കുള്ള നിയമനശിപാർശ മെമ്മോകൾ ഡിജിലോക്കറിൽ കൂടി ലഭ്യമാക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. പിഎസ്സി സ്വന്തമായി വികസിപ്പിച്ചെടുത്ത റൊട്ടേഷൻ സോഫ്റ്റ്വേർ വിനിയോഗിച്ചുകൊണ്ട് നിയമനശിപാർശ തയാറാക്കാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
ബഹുഭൂരിപക്ഷം തസ്തികകളിലും ഈ സോഫ്റ്റ്വേർ പ്രാവർത്തികമാക്കാനാണു കമ്മീഷൻ ആലോചിക്കുന്നത്. ഇതു മുഖേന റൊട്ടേഷൻ തയാറാക്കുന്ന തസ്തികകൾക്കാണ് ആദ്യഘട്ടത്തിൽ നിയമനശിപാർശ മെമ്മോ ഡിജി ലോക്കറിൽ കൂടി നൽകുന്നത്. പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്തവർക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയിൽ നിയമന പരിശോധന സുഗമമാക്കാനും ഇത് സഹായിക്കും. നിയമനശിപാർശ മെമ്മോ നേരിട്ട് അയച്ചുകൊടുക്കുന്ന നിലവിലെ രീതി തുടരും.
സുപ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനും ആധാർ നന്പർ ഉപയോഗിച്ച് ഇവ ഓണ്വൈനായി ഉപയോഗിക്കുന്നതിനും സൗകര്യമൊരക്കുന്ന സംവിധാനമാണ് ഡിജിലോക്കർ.
രണ്ടു തസ്തികകളിലേക്ക് സാധ്യതാപട്ടിക
തിരുവനന്തപുരം: വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക്/ക്ലർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടൻമാർ മാത്രം), കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.