അരികില്‍നിന്ന് മാറാതെ മമ്മൂട്ടി; പൊട്ടിക്കരഞ്ഞ് കുഞ്ചന്‍
Tuesday, March 28, 2023 12:46 AM IST
ോകൊച്ചി: അഞ്ചുപതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തില്‍ സഹപ്രവര്‍ത്തകര്‍ ആദ്യമായും അവസാനമായും ചിരി ഇല്ലാത്ത ഇന്നസെന്റിനെ കണ്ടത് ഇന്നലെ മാത്രം. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്ശനത്തില് പങ്കുചേര്‍ന്ന പലരും വിഷമം ഉള്ളിലൊതുക്കിയപ്പോള്‍ മറ്റു ചിലര്‍ക്ക് കണ്ണീരടക്കാനായില്ല.
രാവിലെ 9.30ന് സ്റ്റേഡിയത്തിലെത്തിയ നടന് മമ്മൂട്ടി ഇന്നസെന്റിനരികെനിന്ന് മാറിയതേയില്ല. നിറകണ്ണുകളോടെ ഭൗതികശരീരത്തിന് തൊട്ടടുത്തായി കസേരയില്‍ ഇരുന്ന അദ്ദേഹം പൊതുദര്‍ശനം അവസാനിക്കുന്നതു വരെയും തുടര്‍ന്നു.
സങ്കടം സഹിക്കവയ്യാതെ നടന് കുഞ്ചൻ പൊട്ടിക്കരഞ്ഞു. ഇടവേള ബാബു അടക്കമുള്ള സഹപ്രവര്‍ത്തകരെത്തിയാണ് കുഞ്ചനെ ആശ്വസിപ്പിച്ചത്. നടന് സായ്കുമാറും ഭാര്യയും നടിയുമായ ബിന്ദു പണിക്കരും ഏറെനേരം മൃതദേഹത്തിനരികെനിന്നു.ഒടുവില്‍ സായ്കുമാറിനും കരച്ചിലടക്കാനായില്ല. പിന്നീടെത്തിയ മുകേഷ്, സിദ്ദിഖ്, ദിലീപ്, ഭീമന് രഘു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരെല്ലാം കണ്ണീരോടെയാണ് അന്തിമോപചാരമര്‍പ്പിച്ചത്.
നീറുന്ന ഓര്‍മയില്‍ സഹപ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിന്റെ അങ്ങിങ്ങായി കൂട്ടംകൂടുമ്പോഴും ഒരറ്റത്ത് അച്ഛന്റെ ഓര്‍മയില്‍ കരഞ്ഞു തളര്‍ന്ന് ഇന്നസെന്റിന്റെ മകന് സോണറ്റും മകനുമുണ്ടായി രുന്നു. മമ്മൂട്ടി അടക്കമുള്ള താരങ്ങളെത്തി ഇരുവരെയും ആശ്വസിപ്പിച്ചു.