മയക്കുമരുന്നുണ്ടെന്നു സംശയം: കൊച്ചിയില്‍ എന്‍സിബി കണ്ടെയ്നര്‍ തുറന്നു പരിശോധിച്ചു
Wednesday, March 29, 2023 12:42 AM IST
കൊച്ചി: മയക്കുമരുന്ന് കടത്ത് സംശയിച്ച് ചരക്കുകപ്പലിലെ കണ്ടെയ്നര്‍ നാർകോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) തുറന്നു പരിശോധിച്ചു. ദുബായില്‍നിന്ന് കൊച്ചിയിലെത്തി ഇവിടെ നിന്ന് കൊളംബോയിലേക്കു ചരക്കുമായി പോകുകയായിരുന്ന ഇന്ത്യന്‍ കപ്പല്‍ എസ്എം കാവേരിയാണ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ എന്‍സിബി തുറമുഖത്തേക്കു തിരികെ എത്തിച്ച് പരിശോധന നടത്തിയത്.
എന്‍സിബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച പരിശോധന തുടരുകയാണ്. കണ്ടെയ്നറിനുള്ളില്നിന്നു മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ലെന്നാണു വിവരം. ഇതിനിടെ കണ്ടെയ്നര്‍ പൊളിച്ച് പരിശോധിക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അന്താരാഷ്ട്ര ലഹരിസംഘത്തിന്റേതെന്നു കരുതുന്ന ഒമാന്‍ കണ്ടെയ്നര്‍ എസ്എം കാവേരിയിലുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണു പരിശോധന. അതേസമയം പതിവ് പരിശോധനകളുടെ ഭാഗമായുള്ള നടപടി മാത്രമാണിതെന്നു വ്യക്തമാക്കുന്ന എന്‍സിബി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് എന്‍സിബിക്ക് രഹസ്യവിവരം ലഭിക്കുന്നത്. ഈ സമയം എസ്എം കാവേരി ഏതാനും മണിക്കൂര്‍ കൊച്ചിയില്‍ തമ്പടിച്ചശേഷം യാത്ര തുടർന്ന് കൊല്ലം തീരം അടുത്തിരുന്നു. ഉടന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ച് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടില്‍ കപ്പലിനെ പിന്തുടരുകയും ചെയ്തു.
കപ്പലില്‍ കയറിയ സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംശയിച്ചിരുന്ന കണ്ടെയ്നര്‍ കണ്ടെത്തി. എന്നാല്‍ രാത്രിയായതിനെത്തുടര്ന്ന് പരിശോധന നടത്താതെ കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിച്ചു. കണ്ടെയ്നര്‍ മാത്രം പോര്ട്ടിലിറക്കിയശേഷം കപ്പലിനു പോകാന്‍ അനുമതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പരിശോധന.